Wednesday, March 22, 2017

വൈക്കത്ത് ഒരു മേനോന്‍ കാലത്തെ വെല്ലുവിളിക്കുന്നു !

വൈക്കത്ത്  ഒരു  മേനോന്‍  കാലത്തെ  വെല്ലുവിളിക്കുന്നു !

   വൈക്കം സത്യാഗ്രഹത്തിനും  മൂന്നു പതിറ്റാണ്ടു മുന്‍പ്  , ആ  ജാതിവാഴ്ചക്കോട്ടയില്‍  ഒരു സവര്‍ണന്‍   മനുഷ്യ സമത്വത്തിന്‍റെ  കൊടിയുയര്‍ത്തിയെന്ന്  നമ്മള്‍  അറിയേണ്ടതുണ്ട്  ! പുതിയ കാലത്തിന്‍റെ  വരവറിയിച്ച് ,
വൈക്കം  മുന്‍സിഫ്  കുഞ്ഞുണ്ണി മേനോന്‍ തന്‍റെ  കോടതിയില്‍  താഴ്ന്ന ജാതിക്കാര്‍ക്കും പ്രവേശം നല്‍കിയാണ്  ചരിത്രത്തില്‍ ഒരു അഗ്രഗാമിയുടെ സ്ഥാനം നേടിയെടുത്തത് .


അറിയാമല്ലോ , നവോത്ഥാനകാല കേരള ചരിത്ര പഠിതാക്കള്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട അമൂല്യ രേഖാ സമുച്ചയമാണ് ,  തമിഴ്‌നാട്   സ്റ്റേറ്റ്  ആര്‍ക്കൈവ്‌സില്‍  സൂക്ഷിച്ചിട്ടുള്ള  N N P R  (  Native News Paper Reports ) .  1878 -നും  1936-നും ഇടയ്ക്ക്  ദക്ഷിണേന്‍ഡ്യയിലെ  , 50 മുതല്‍ 400 വരെ ഇംഗ്ളിഷ് -  പ്രാദേശികഭാഷാ പത്രങ്ങളില്‍ നിന്ന് ,   മദ്രാസിലെ ബ്രിട്ടിഷ്  സര്‍ക്കാരിന്‍റെ  സി . ഐ . ഡി . യും  തര്‍ജുമക്കാരും  ചേര്‍ന്നു ശേഖരിച്ചു  confidential    രേഖയായി സര്‍ക്കാര്‍ വൃത്തങ്ങളില്‍ വിതരണം ചെയ്തിരുന്നതാണ്  ഈ  ഇംഗ്ളിഷ്  ബുള്ളറ്റിനുകള്‍ .  ആറു പതിറ്റാണ്ടിന്‍റെ 140 - ഓളം  വോള്യങ്ങള്‍  . ശരാശരി  300 പേജുകള്‍ . കേരളത്തില്‍നിന്നു പോകുംമുന്‍പ്  ഞാന്‍ പേരുപോലും കേട്ടിട്ടില്ലാഞ്ഞ  എത്രയോ മലയാളം  പത്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളുണ്ട് അവയില്‍ !  നീണ്ട മൂന്നു കൊല്ലത്തെ തുടര്‍ച്ചയായ  യത്‌നം കൊണ്ട്   ഞാന്‍  N N P R  മുഴുവനായി  പരിശോധിച്ചു തീരാറായി .  എന്‍റെ നവോത്ഥാനകാല കേരളചരിത്ര പഠനത്തിനിടയ്ക്കു കണ്ടുമുട്ടിയ  ഏറ്റവും വിലപിടിച്ച പുരാ രേഖകളില്‍ പെടും ഇവ .

"പുലയക്കുട്ടികള്‍ " ക്കു വീണ്ടും പള്ളിക്കൂടം " വിലക്ക് "




"പുലയക്കുട്ടികള്‍ " ക്കു  വീണ്ടും  പള്ളിക്കൂടം " വിലക്ക് "
------------------------------------------------------------------------------------








ജാതിഭേദ വാഴ്ചയ്‌ക്കെതിരെ നൂറ്റാണ്ടു മുന്‍പേ നിയമംകൊണ്ടും
കരബലംകൊണ്ടും   പൊരുതിയ  അയ്യന്‍‌കാളിയുടെ നാടാണു  തിരുവനന്തപുരം . സര്‍ക്കാര്‍ സ്കൂളില്‍  ദലിത് കുട്ടികളെയും പ്രവേശിപ്പിക്കണമെന്ന നിയമത്തെ വെല്ലുവിളിച്ച സവര്‍ണരുടെയും ഈഴവപ്രമാണികളുടെയും ധിക്കാരത്തെ അദ്ദേഹവും കൂട്ടരും ചെറുത്തുനിന്ന നഗരപ്രാന്ത പ്രദേശങ്ങളാണു  വെങ്ങാനൂരും ഊരൂട്ടമ്പലവും . തിരുവിതാംകൂറിലാകെ പൗരസ്വാതന്ത്ര്യത്തിന്‍റെ  ജയക്കൊടി പാറിച്ച പോരാട്ടങ്ങളായിരുന്നു  അവിടങ്ങളിലെ പള്ളിക്കൂടം സമരങ്ങള്‍ . കാലം മാറിയപ്പോള്‍ , അതേ തിരുവനന്തപുരത്ത്  അയ്യന്‍‌കാളിയുടെ കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ സമാന സ്വഭാവമുള്ള  വിലക്കുകള്‍ ഉയരുന്നു . ഇതോടൊപ്പമുള്ള  ഞെട്ടിക്കുന്ന അനുഭവ വിവരണം  മറ്റൊന്നുമല്ല തെളിയിക്കുന്നത് . പാവങ്ങളുടെ മോചനത്തിനായി ഉദിച്ചുയര്‍ന്ന ഒരു മഹാ ജനകീയ പ്രസ്ഥാനത്തിലെ ഒറ്റുകാരുടെ തുണയോടെയാണ്  ഇത്തവണ  വംശമേന്‍‌മ വാദികള്‍ കളംനിറഞ്ഞാടുന്നത് എന്ന വ്യത്യാസമേയുള്ളൂ . അയ്യന്‍‌കാളിപ്പോരാട്ടങ്ങളുടെ മാനം കാക്കാന്‍  നാട്  ഒറ്റക്കെട്ടായി കുതിച്ചെത്തേണ്ടതുണ്ട് . ഒരു വംശമേന്‍‌മക്കാരിയുടെയും അവളുടെ തന്തയുടെയും അഴിഞ്ഞാട്ടങ്ങള്‍ക്കു  രാഷ്‌ട്രീയ രക്ഷയേകുന്നവരെ ജനപക്ഷക്കാരായി ഗണിച്ചുകൂടാ .

http://cheraayiraamadaas.blogspot.com/2017/03/blog-post_22.html


Monday, March 20, 2017

ഇന്നത്തെ കര്‍ണന്‍ , ഇന്നലത്തെ പരമന്‍



പോയ കാലങ്ങളില്‍   ദലിത വര്‍ഗം അനുഭവിക്കേണ്ടിവന്ന മാരക   പീഡനങ്ങള്‍ക്ക് , അവരുടെ പിന്‍‌തലമുറകള്‍  സമസ്‌ത തലങ്ങളിലും ജനാധിപത്യപരമായി  കണക്കുതീര്‍ക്കുന്നത്  എങ്ങനെയെന്നു കണ്ടുകൊണ്ടിരിക്കയാണ്  ബ്രാഹ്മണ്യവത്കരിക്കപ്പെട്ട  ഇന്‍‌ഡ്യ .  ആദ്യത്തെ  വലിയ   സ്‌ഫോടനം നടത്തിയത്  ഡോ :  അംബേഡ്‌കറായിരുന്നു .  ഇതാ , ഒടുവില്‍  അത്  കൊല്‍ക്കത്ത  ഹൈക്കോടതിയിലെ  ജസ്റ്റിസ്  സി . എസ് .  കര്‍ണന്‍  എന്ന  " ധിക്കാരി " യില്‍ എത്തിനില്‍ക്കുന്നു . മുറിവേല്‍ക്കുന്ന  വര്‍ഗാഭിമാനമാണ്  ചെറുത്തുനില്‍പ്പായി  ജ്വലിച്ചുയരുന്നത് . ജാതിഭേദ രോഗാണുക്കള്‍  എമ്പാടും ചൂഴ്ന്നുനില്‍ക്കുന്ന  ഒരു ഉദ്യോഗസ്‌ഥ  സംവിധാനത്തോട്  ഈവിധം പൊരുതുന്നതിനെയാണ്  ധീരത  എന്നു വിശേഷിപ്പിച്ച്  അഭിവാദ്യം ചെയ്യേണ്ടത് . ഈ പോരാട്ടം നാളെ  പിന്‍‌മടങ്ങേണ്ടിവന്നാലും   ,  അതല്ല ,  മുന്നേറി  ജയക്കൊടി നാട്ടിയാലും  , ഒന്നുപോലെ  ആദരിക്കും  ഈ ധീരനെ  പൗര സമത്വവാദ പോരാളികള്‍ .

                 ജസ്റ്റിസ്   കര്‍ണന്  ഒരു മുന്‍‌ഗാമിയുണ്ട്   ഈ  കേരളത്തില്‍  --   പരേതനായ  അഡ്വ .   ടി . എ . പരമന്‍  എം . എല്‍ . എ .     പഴയ കൊച്ചി രാജ്യത്ത് വിദ്യാ വെളിച്ചം നേടി പൊരുതിക്കയറിയ ദലിതരുടെ  ആദ്യ തലമുറയില്‍പ്പെട്ടയാള്‍  .  അര നൂറ്റാണ്ടു മുന്‍പ്  മജിസ്‌ട്രേറ്റായിരുന്നപ്പോള്‍  , ന്യായാധിപ രംഗത്തെ മാടമ്പിത്തത്തെ ചോദ്യം ചെയ്‌തതിന്  ഹൈക്കോടതിയുമായി  ഏറ്റുമുട്ടേണ്ടിവന്നു  അദ്ദേഹത്തിന്  . ബൗദ്ധിക  ഉന്നതിയിലെത്തിയ  ഒരു ദലിതന്‍ , സ്വാഭിമാനം മുറിപ്പെട്ടപ്പോള്‍  ദുരധികാരപ്രമാണികളെ ചെറുത്തുനിന്ന്  കേരളീയ ദലിത് മുന്നേറ്റങ്ങളുടെ  യശസ്സുയര്‍ത്തിയതിന്‍റെ  ചരിത്രമാണത് .   ആ സംഭവത്തിന്‍റെ  ഹൈക്കോടതി രേഖകളും ,  അപൂര്‍ണമായ  സ്വജീവിതാഖ്യാനത്തിന്‍റെ  സംഗ്രഹവും  ഉള്‍പ്പെടുന്ന  മൂന്ന്  ലേഖനങ്ങളുടെ  ലിങ്കുകള്‍      കൊടുക്കുന്നു ഇവിടെ  :






http://cheraayiraamadaas.blogspot.com/2015/07/blog-post_16.html